വയനാട് സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പൊട്ടേങ്ങല്‍ മുഹമ്മദ് റാശിദി (26) ന് രണ്ട് മണിക്കൂറോളം മതിയായ ചികിത്സ നല്‍കാതെ അത്യാഹിത വിഭാഗത്തില്‍ വൈകിപ്പിച്ചുവെന്ന സിറാജ് വാര്‍ത്തയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ വി ഗോപിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. അഡീഷനല്‍ സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രഞ്ജിനി എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല. തിങ്കളാഴ്ച ചുരത്തിലുണ്ടായ അപകടത്തിലാണ് റാശിദിന് ഗുരുതരമായി പരുക്കേറ്റത്.
റാശിദും മാതൃ സഹോദരിയുടെ മകന്‍ വയനാട് മാടക്കര പാമ്ബാടി ശരീഫും സഞ്ചരിച്ച ബുള്ളറ്റും ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. 25 അടിയോളം താഴ്ചയിലുള്ള കൊക്കയിലേക്ക് തെറിച്ചു വീണ ഇരുവരെയും ചുരം എന്‍ ആര്‍ ഡി എഫ് വളണ്ടിയര്‍ ടീം അംഗങ്ങളാണ് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡോക്്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് റാശിദിന് ചികിത്സ നല്‍കാന്‍ രണ്ട് മണിക്കൂറോളം വൈകിയെന്ന് കൂടെയുണ്ടായിരുന്നവര്‍ ആരോപിച്ചിരുന്നു. കാലിന് പൊട്ടല്‍ ഉള്ളതിനാല്‍ ഓര്‍ത്തോ വിഭാഗമാണ് പരിശോധിക്കേണ്ടതെന്ന് സര്‍ജറി വിഭാഗവും തലക്ക് മുറിവുള്ളതിനാല്‍ സര്‍ജറി വിഭാഗമാണ് പരിശോധിക്കേണ്ടതെന്ന് ഓര്‍ത്തോ വിഭാഗവും വാദിച്ചതാണ് ചികിത്സ വൈകാന്‍ കാരണമായത്.
കാലിന്റെ തുടയെല്ല് പൊട്ടുകയും തലക്ക് മുറിവേല്‍ക്കുകയും ചെയ്ത റാശിദ് വേദന കൊണ്ട് പുളയുമ്ബോഴും അടിയന്തര ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏറെ കഴിഞ്ഞ് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അല്‍പ്പസമയത്തിനകം റാശിദിന്റെ ചലനവും ശ്വാസവും നിലച്ചു.
ഇതോടെ കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ റാശിദ് മരിച്ചുവെന്നാണ് ഡോക്്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍, വെന്റിലേറ്ററിലേക്ക് മാറ്റുന്നതിന് മുമ്ബ് തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്നും ഡോക്്ടര്‍മാരുടെ ഭാഗത്തുണ്ടായ അനാസ്ഥ മറച്ചു വെക്കാനും പ്രതിഷേധം ഒഴിവാക്കാനും മരണ വിവരം പുറത്തറിയിച്ചില്ലെന്നുമാണ് ആരോപണം.
ഡോക്്ടര്‍മാരുടെ അനാസ്ഥക്കെതിരെ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനാണ് റാശിദിന്റെ കുടുംബത്തിന്റെ തീരുമാനം.
