Responsive Ad Slot

Latest

News

കോഴിക്കോടന്‍ കടലോരം സാക്ഷി; മണ്‍വാസനയുളള ചിത്രങ്ങള്‍ ലോകറെക്കോര്‍ഡിട്ടു

Friday, April 7, 2023

/ by Web Desk





കോഴിക്കോട് : ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണില്‍ ചിത്രവസന്തം തീര്‍ത്ത് 72 കലാകാരന്‍മാര്‍.


ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റര്‍ ക്യാന്‍വാസില്‍ മണ്‍ചിത്രങ്ങള്‍ വരച്ച്‌ റെക്കോര്‍ഡിട്ടു. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന്‍്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മണ്‍ചിത്രരചന ഒരുക്കിയത്. 'ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്' കാറ്റഗറിയിലുള്ള യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ യു.ആര്‍.എഫ്. വേള്‍ഡ് റെക്കോര്‍ഡാണ് 'മണ്ണിന്‍ വര്‍ണ്ണ വസന്തം' എന്ന പരിപാടി സ്വന്തമാക്കിയത്.

ജൂറി ഹെഡും, ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ ഗിന്നസ് സത്താര്‍ ആദൂര്‍ ലോകറെക്കോര്‍ഡ് പ്രഖ്യാപനം നടത്തി. മണ്‍ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകനും ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ നിര്‍വഹിച്ചു. വിവിധ വര്‍ണ്ണങ്ങളിലുള്ള മണ്ണ് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെയുള്ള പ്രസിദ്ധമായ 106 സ്ഥലങ്ങളില്‍ നിന്നും സമാഹരിച്ചാണ് മണ്‍ചിത്രചായക്കൂട്ട് ഒരുക്കിയത്. മണ്ണിന്റെ സഹജമായ നിറത്തിനോടൊപ്പം തന്നെ ചുവപ്പും മഞ്ഞയും വെളളയും കറുപ്പും നിറത്തിലുളള മണ്‍ചായങ്ങള്‍ നാടിന്റെ വൈവിദ്ധ്യത്തെ വിളിച്ചോതുന്നുതായിരുന്നു.

ചരിത്രസ്മാരകങ്ങളും സാമൂഹ്യപരികര്‍ത്താക്കളും നവോത്ഥാന നായകരും ചരിത്ര പ്രസിദ്ധ സ്ഥലങ്ങളുമൊക്കെയാണ് ക്യാന്‍വാസില്‍ ഇടം പിടിച്ചതെങ്കിലും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഗ്രാമം എന്‍മഗജേയുടെ ചിത്രീകരണം വ്യത്യസ്തമായി. ഏപ്രില്‍ 10 ന് നാടിന് സമര്‍പ്പിക്കാനിരിക്കുന്ന വിശ്വജ്ഞാനമന്ദിരവും ക്യാന്‍വാസില്‍ ഇടം പിടിച്ചു. വടക്കുനാഥ ക്ഷേത്രം മുതല്‍ നിലക്കല്‍, പമ്ബ, പരുമലപ്പള്ളി, ചേരമാന്‍ പള്ളി, വാവര് പള്ളി, ചാലിയംപുഴക്കര പള്ളി, കന്യാകുമാരി തിരുവള്ളുവര്‍ പ്രതിമ,പുനലൂര്‍ തൂക്കുപാലം, തളി മഹാക്ഷേത്രം, മിശ്ക്കാല്‍പ്പള്ളി , മോയിന്‍കുട്ടി സ്മാരകം, ശാന്തിഗിരിയിലെ താമരപ്പര്‍ണ്ണശാല, തുടങ്ങിയ കേന്ദ്രങ്ങളുടെ ചിത്രങ്ങളും, ശ്രീനാരായണ ഗുരു,ചട്ടമ്ബിസ്വാമികള്‍, സ്വാമിവിവേകാന്ദന്‍, വാക്ഭടാനന്ദന്‍, അയ്യങ്കാളി, ശങ്കരാചര്യര്‍, സ്വാതി തിരുന്നാള്‍, രവിവര്‍മ്മ, ചെമ്ബൈ വൈദ്യനാഥ ഭാഗവതര്‍, വി.ടി.ഭട്ടത്തിരിപ്പാട്, കേളപ്പജി, മന്നത്ത് പദ്മനാഭന്‍, വയലാര്‍ , പ്രേംനസീര്‍, അമൃതാനന്ദമയീ, വൈക്കം മുഹമ്മദ് ബഷീര്‍. ഒ.വി. വിജയന്‍ , കുഞ്ഞുണ്ണി മാസ്റ്റര്‍, സി.എച്ച്‌. മുഹമ്മദ് കോയ, പാണക്കാട് ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ചിത്രകാരന്മാര്‍ ആലേഖനം ചെയ്തു. 

ഓരോ ചിത്രങ്ങളും വരച്ചത് അതുമായി ബന്ധപ്പെട്ട സ്ഥലത്ത് നിന്നുള്ള മണ്ണ് സംഭരിച്ചാണ് എന്നത് വലിയ പ്രത്യേകതയായി. സതീഷ് പാലോറ, രാംദാസ് കക്കട്ടില്‍, കൃഷ്ണന്‍ പാത്തിരിശ്ശേരി, സുരേഷ് ഉണ്ണി, ശശി കോട്ട്, സിഗ്നി ദേവരാജ്, ഹാറൂണ്‍ അല്‍ ഉസ്മാന്‍ , യു.കെ. രാഘവന്‍ മാസ്റ്റര്‍, മേരി എര്‍ മിന റോഡ്രിഗസ് , ബിവീഷ്.കെ തുടങ്ങിയ 72 ചിത്രകാരന്മാര്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് തുടങ്ങിയ മണ്‍ചിത്രം വര ആറ് മണിയോടെ പൂര്‍ത്തിയാക്കി.


Don't Miss
© all rights reserved
made with by templateszoo