Responsive Ad Slot

Latest

News

വനംവകുപ്പിനെ ജനസൗഹൃദ വകുപ്പാക്കി മാറ്റും: മന്ത്രി എ.കെ.ശശീന്ദ്രന്‍

Friday, April 7, 2023

/ by Web Desk



മുക്കം: വനംവകുപ്പിനെ ജനസൗഹൃദവകുപ്പാക്കി മാറ്റുമെന്നും ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെ താത്പ്പര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍.


വനമേഖലയിലുള്ളവര്‍ വനംവകുപ്പിനെ ഇപ്പോള്‍ അവരുടെ ശത്രുവായാണ് കണക്കാക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് അവരോട് കൂടുതല്‍ നന്നായി പെരുമാറണമെന്നുണ്ട്. എന്നാല്‍ കേന്ദ്ര നിയമങ്ങള്‍ അതിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. വന്യമൃഗങ്ങളുടെ സംരക്ഷണം നിയമപരമായ ബാദ്ധ്യതയാണ്. അതോടൊപ്പം മനുഷ്യരുടെ ജീവന്‍ രക്ഷിക്കന്നതിനുള്ള നടപടികളും ഈ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മുക്കത്ത് സംഘടിപ്പിച്ച വന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന സൗഹൃദ സദസില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ച്‌ പരിഹാരം കാണും. മരം മുറിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലപരിചയമില്ലാത്ത കുറവ് പരിഹരിക്കാന്‍ വനത്തോടു ചേര്‍ന്ന് താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അഞ്ഞൂറോളം യുവതി യുവാക്കളെ വനംവകുപ്പിന്റെ ഭാഗമാക്കാന്‍ നടപടിയായി. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരം നടപടി ഇതാദ്യമാണ്. വനാതിര്‍ത്തികളില്‍ തര്‍ക്ക സ്ഥലത്ത് ജണ്ട കെട്ടുന്നതിന് സംയുക്ത പരിശോധന നടത്തും. വനംവകുപ്പിനെ ജനങ്ങളുടെ ശത്രുവാക്കി അവതരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നഷ്ടപരിഹാര വിതരണവും നിരാക്ഷേപ പത്രം കൈമാറലും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിച്ചു. നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ, കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് ചോലക്കല്‍, സോഷ്യല്‍ ഫോറസ്ട്രി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മാധവന്‍, മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു, പഞ്ചായത്തു പ്രസിഡന്റുമാരായ മുഹമ്മദ് മോയത്ത് (കട്ടിപ്പാറ), ഷംസീര്‍ പോത്താറ്റില്‍ (പുതുപ്പാടി), അലക്സ് തോമസ് (കോടഞ്ചേരി) ,മേഴ്സി പുളിക്കാട്ട് (തിരുവമ്ബാടി), ആദര്‍ശ് ജോസഫ് (കുടരഞ്ഞി ), വി.പി.സ്മിത (കാരശ്ശേരി), വി.ഷംലൂലത്ത് (കൊടിയത്തൂര്‍), വിവിധ രാഷ്ടീയകക്ഷികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.ടിമ്ബര്‍ സെയില്‍സ് ഡിവിഷന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ.പി.ഇംത്യാസ് നന്ദി പറഞ്ഞു.
Don't Miss
© all rights reserved
made with by templateszoo