ഡൽഹിയിൽ തിങ്കളാഴ്ച 293 പുതിയ കോവിഡ് കേസുകൾ കൂടി. പോസിറ്റിവിറ്റി നിരക്ക് 18.53 ശതമാനമായി ഉയർന്നു. പരിശോധിച്ചവരിൽ അഞ്ചിൽ ഒരാൾ പോസിറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനിടെ രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അതേസമയം മരണത്തിന്റെ പ്രാഥമിക കാരണം കൊറോണ വൈറസ് അല്ലെന്നും ആരോഗ്യ ബുള്ളറ്റിൻ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച്ചയിലെ അപേക്ഷിച്ച് കണക്കുകൾ ഉയരുകയാണ്. തലസ്ഥാനത്തെ കോവിഡ് കേസുകളുടെ വർദ്ധന സർക്കാർ നിരീക്ഷിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ലെന്നും നഗര സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയിലാണ്, കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നത്.
