Responsive Ad Slot

Latest

News

പഴഞ്ചന്‍ബസുകള്‍ ഓടിക്കും; കെ.എസ്.ആര്‍.ടി.സിയ്ക്കായി കേരളം കേന്ദ്രവിലക്ക് മറികടക്കും

Saturday, April 8, 2023

/ by Web Desk





15 വർഷം കഴിഞ്ഞ 245 ബസുകൾ ഓടിക്കും. രജിസ്േട്രഷൻ റദ്ദാക്കിയ കേന്ദ്രതീരുമാനത്തിനെതിരേ പ്രത്യേക ഉത്തരവിറക്കും നടപടി യാത്രാക്ലേശം ചൂണ്ടിക്കാട്ടി


തിരുവനന്തപുരം: 15 വർഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ കേരളം തുടർന്നും ഓടിക്കും. ഇവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയ കേന്ദ്രതീരുമാനം തള്ളാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ഇതിന് അനുമതി നൽകി സർക്കാർ പ്രത്യേക ഉത്തരവിറക്കും. മറ്റു സർക്കാർവാഹനങ്ങൾക്ക് ഇളവ് നൽകില്ല. അവ നിരത്തിൽനിന്ന് പിൻവലിക്കേണ്ടിവരും.

പകരം ബസുകളില്ലാത്തതാണ് കേന്ദ്രതീരുമാനത്തിനെതിരേ നീങ്ങാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘വാഹൻ’ സോഫ്റ്റ്‌വേർ കരിമ്പട്ടികയിലേക്ക് മാറ്റിയതിൽ 1622 കെ.എസ്.ആർ.ടി.സി. വാഹനങ്ങളും 884 സർക്കാർവാഹനങ്ങളുമുണ്ട്.

15 വർഷത്തിലധികം പഴക്കമുള്ള സർക്കാർവാഹനങ്ങൾ പൊളിക്കാനുള്ള തീരുമാനത്തെത്തുടർന്നാണ് ഈ വണ്ടികൾ കരിന്പട്ടികയിൽപ്പെടുത്തിയത്. ഇവയുടെ രജിസ്ട്രഷനും റദ്ദാക്കി. ഇതിൽ 245 കെ.എസ്.ആർ.ടിസി. ബസുകൾ നിലവിൽ സർവീസ് നടത്തുന്നവയാണ്. ഇവ തുടർന്നും ‌ഒാടിക്കാനാണ് സംസ്ഥാനം അനുമതി നൽകുന്നത്.

മോട്ടോർ വാഹനനിയമപ്രകാരം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലാണ്. ഇതിൽ മാറ്റംവന്നിട്ടില്ല. നേരത്തെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സോഫ്റ്റ്‌വേറിലാണ് വാഹനങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരുന്നത്.

2018-ൽ രാജ്യവ്യാപക കംപ്യൂട്ടർശൃംഖല നിലവിൽവന്നപ്പോൾ സംസ്ഥാനവും ‘വാഹൻ’ ഉപയോഗിച്ചുതുടങ്ങി. സംസ്ഥാനത്ത് രജിസ്റ്റർചെയ്ത വാഹനങ്ങളുടെ വിവരങ്ങളാണ് കേന്ദ്രത്തിനുനൽകിയത്. വാഹൻ സോഫ്റ്റ്‌വേറിന് രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അധികാരമില്ലെന്നാണ് സംസ്ഥാനസർക്കാരിന്റെ വിലയിരുത്തൽ. സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

കണ്ണടച്ച് എതിർക്കില്ല

അന്തരീക്ഷമലിനീകരണം കുറയ്ക്കാൻവേണ്ടിയാണ് പഴയവാഹനങ്ങൾ പൊളിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അതിനാൽ കേന്ദ്രതീരുമാനത്തെ സംസ്ഥാനസർക്കാർ കണ്ണടച്ച് എതിർക്കില്ല. പകരം സംവിധാനം ഏർപ്പെടുത്താതെ ബസുകൾ പിൻവലിക്കുന്നതുവഴിയുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാൻ സാവകാശംതേടും. അഗ്നിരക്ഷാസേനാവാഹനങ്ങൾ, ആരോഗ്യവകുപ്പിന്റെ ആംബുലൻസുകൾ എന്നിവയും പൊളിക്കേണ്ട വാഹനങ്ങളുടെ പട്ടികയിലുണ്ട്.


Don't Miss
© all rights reserved
made with by templateszoo