കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിളിന്റെ സേവനമാണ് ഗൂഗിള്‍ മാപ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ മാപ്പിന്റെ ദുരുപയോഗം തടയാനൊരുങ്ങുകയാണ് ഗൂഗിള്‍. വ്യാജ ബിസിനസുകളും തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും നീക്കം ചെയ്യാനാണ് തീരുമാനം.
അത്തരം ഉള്ളടക്കങ്ങള്‍ പോസറ്റ് ചെയ്യുന്നതിന് മുമ്പുതന്നെ ഗൂഗിള്‍ മാപ്പിലെ വ്യാജ ഉള്ളടക്കം നീക്കം ചെയ്യാന്‍ മെഷീന്‍ ലേണിംഗ് എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു പോസ്റ്റില്‍ കമ്പനി വിശദീകരിച്ചിരുന്നു. ദുരുപയോഗ പ്രവണതകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അതിന്റെ മെഷീന്‍ ലേണിങ് മോഡലില്‍ അപ്ഡേഷനുകളും വരുത്തി.
.design, .top എന്നീ ഡൊമെയ്നുകളില്‍ അവസാനിക്കുന്ന വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധന ഉണ്ടായതായി മെഷീന്‍ ലേണിങ് അല്‍ഗോരിതം കണ്ടെത്തുകയും വ്യാജ വെബ്‌സൈറ്റുകളെ തിരിച്ചറിയുന്നതിനും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെ നീക്കം ചെയ്യുന്നതിനും മെഷീന്‍ ലേണിങ് വിവരങ്ങള്‍ സഹായിക്കുകയും ചെയ്തു.
നിലവില്‍ നല്‍കിയിട്ടുള്ള നമ്പറുകള്‍ക്ക് മുകളില്‍ വ്യാജ ഫോണ്‍ നമ്പറുകള്‍ ഓവര്‍ലേ ചെയ്താണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ സാധാരണയായി കബളിപ്പിക്കാറുള്ളത്. ഇങ്ങനെ നമ്പറുകള്‍ ഓവര്‍ലേ ചെയ്യപ്പെടുമ്പോള്‍, യഥാര്‍ത്ഥ സ്ഥാപനത്തിന് ഫോണ്‍ കോള്‍ പോകുന്നതിന് പകരം തട്ടിപ്പുകാരന്‍റെ ഫോണിലേക്ക് കോള്‍ പോകാന്‍ ഇടവരുന്നു.
നയ ലംഘനം നടത്തിയ 11.5 കോടി വ്യാജ റിവ്യൂകളാണ് ഗൂഗിള്‍ 2022 ല്‍ നീക്കം ചെയ്തത്. 2021ലേതിനേക്കള്‍ 20 ശതമാനം കൂടുതലാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. പോളിസി ലംഘനം നടത്തിയതോ, മികച്ചതല്ലാത്തവയോ ആയ 20 കോടി ഫോട്ടോകളും 75 ലക്ഷം വീഡിയോകളും കഴിഞ്ഞ വര്‍ഷം മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ നീക്കം ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ എന്നും അടിത്തിടെ പ്രഖ്യാപിച്ചിരുന്നു.