Responsive Ad Slot

Latest

News

കുടുംബ പ്രശ്നം തീർക്കാൻ നഗ്ന വീഡിയോ വാട്സാപ്പിൽ അയച്ചാൽ പൂജ നടത്തി പരിഹാരം കാണും: കേരളത്തിലെ ഹൈടെക് മന്ത്രവാദി അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.

Saturday, December 31, 2022

/ by Web Desk



തിരുവനന്തപുരം: ജ്യോതിഷത്തിലും മന്ത്രവാദത്തിലുമെല്ലാം വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ് ആളുകള്‍. അതിനു തെളിവാണ് കഴിഞ്ഞ കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് നടന്ന ഇരട്ടനരബലി. എന്നാല്‍ കാലം മാറുന്നത് അനുസരിച്ച്‌ ജ്യോതിഷത്തിലും എല്ലാം ആധുനികത കടന്നു വന്നിരിക്കുകയാണ്. വാട്സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളെ ആശ്രയിച്ച്‌ ജ്യോതിഷം നടത്തുന്ന പുതിയ ജ്യോത്സന്മാര്‍ ഒരുപാടുണ്ട് ഇപ്പോള്‍. എന്നാല്‍ ഫോട്ടോയോ വീഡിയോയോ അയച്ചുകൊടുത്താല്‍ അതു വച്ച്‌ പൂജ നടത്തി ഫലം നല്‍കുന്ന ജ്യോത്സ്യന്‍മാരും ഇപ്പോഴുണ്ടെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ആരും വിശ്വസിക്കില്ല. എന്നാല്‍ അങ്ങനെ ചിലരുണ്ട്. അത്തരത്തിലൊരാള്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്‍്റെ പിടിയിലായിട്ടുണ്ട്.

ഓണ്‍ലൈന്‍ ജ്യോത്സ്യത്തിന്‍്റെ പരമമായ സാധ്യതകളെ ഉപയോഗപ്പെടുത്തിയ യുവാവാണ് യുവതിയുടെ പരാതിയില്‍ അറസ്റ്റിലായത്. ജ്യോത്സ്യന്‍ ചമഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവതികളുടെ നഗ്നഫോട്ടോയും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിക്കുന്ന കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷാണ് (37) പ്രത്യേക അന്വേഷണസംഘത്തിന്‍്റെ പിടിയില്‍പ്പെട്ടത്. ഇയാളുടെ തട്ടിപ്പിനിരയായ നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമങ്ങളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്നാണ് വിവരം.


ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയവയില്‍ സ്ത്രീകളുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങിയാണ് സുബീഷ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. തുടര്‍ന്ന് യുവതികളുമായി ചങ്ങാത്തത്തിലാകുകയും അവരുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയും ചെയ്യുമായിരുന്നു. അതിനു ശേഷമായിരുന്നു സുബീഷ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ചാറ്റിലൂടെ സ്ത്രീകളുടെ കുടുംബപ്രശ്നങ്ങള്‍ മനസിലാക്കിയ ശേഷമാണ് സുബീഷ് വല വിരിക്കുക. തനിക്ക് ജ്യോതിഷം അറിയാമെന്ന് സ്ത്രീകളെ പറഞ്ഞ് ധരിപ്പിക്കും. ചാറ്റ്ചെയ്യുന്ന സ്ത്രീക്ക് നിലവില്‍ സമയദോഷമാണെന്നും പുജ ചെയ്ത് ദോഷം നീക്കിയില്ലെങ്കില്‍ കുടുംബത്തില്‍ വേണ്ടപ്പെട്ടവര്‍ക്ക് മരണം വരെ സംഭവിക്കാമെന്നും സുബീഷ് ധരിപ്പിക്കും. ഭയന്നുപോകുന്ന സ്ത്രീകള്‍ ഇയാളുടെ വലയില്‍ വീഴുകയാണ് പതിവെന്നും പൊലീസ് വ്യക്തമാക്കി.

കുടുംബത്തില്‍ പിടിപെട്ട ദോഷത്തില്‍ നിന്നും കരകയറുവാന്‍ നഗ്നപൂജയാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. പൂജ നടത്താന്‍ നഗ്ന ഫോട്ടോയോ വീഡിയോയോ വേണമെന്നും ഇയാള്‍ ആവശ്യപ്പെടും. സ്ത്രീയുടെ പേരില്‍ സംസാരിക്കുന്നതു കൊണ്ടുതന്നെ സാധാരണക്കാരികളായ സ്ത്രീകള്‍ ഇയാളുടെ വാക്ക് വിശ്വസിക്കുകയാണ് പതിവ്. ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ഇയാള്‍ കുടുക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി മന്ത്രവാദിനിയാണെന്ന വ്യാജേന അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെ നിരവധി സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

നെയ്യാര്‍ഡാം സ്വദേശിനിയായ പരാതിക്കാരിയുടെ ഭര്‍ത്താവും കുഞ്ഞും മരണപ്പെടുമെന്ന് പറഞ്ഞായിരുന്നു സുബീഷ് വ്യാജ പേരില്‍ അവരുമായി സൗഹൃദം സ്ഥാപിച്ചത്. അതുണ്ടാവാതെ ഇരിക്കണമെങ്കില്‍ നഗ്നപൂജ ആവശ്യമാണെന്നും അയാള്‍ യുവതിയെ ധരിപ്പിച്ചു. നഗ്നപൂജയ്ക്കായി ഫോട്ടോയും വീഡിയോയും ആവശ്യപ്പെട്ട് അവ കൈക്കലാക്കുകയും ചെയ്തു. ഈ ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനിലൂടെ നിരവധിപ്പേര്‍ക്ക് അയച്ചുകൊടുത്തുവെന്നാണ് പരാതി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇയാള്‍ കള്ളിക്കാട് ടൗണിലെ ഒരു ഇലക്‌ട്രിക് ഷോപ്പിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നുണ്ട്. കോളേജ് കഴിഞ്ഞു വരുന്ന പെണ്‍കുട്ടികള്‍ നിരവധി തവണ ഇയാള്‍ക്ക് എതിരെ പരാതി ഉന്നയിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയവും അന്വേഷണ സംഘം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


Don't Miss
© all rights reserved
made with by templateszoo