Responsive Ad Slot

Latest

News

ഇന്ന്‌ ഉയിര്‍പ്പു പെരുന്നാള്‍

Sunday, April 9, 2023

/ by Web Desk

50 ദിവസം നീളുന്ന വലിയ നോമ്ബാചരണത്തിന്റെ അവസാന ആഴ്‌ചയിലാണ്‌ പെസഹ, ദുഃഖവെള്ളി, ദുഃഖശനി, ഈസ്‌റ്റര്‍ എന്നിവയോടെ അവസാനിക്കുന്നത്‌.

കഴിഞ്ഞ ഞായറാഴ്‌ച നടന്ന ഓശാന പെരുന്നാളിനോടുകൂടിയാണ്‌ കഷ്‌ടാനുഭവ ആഴ്‌ച എന്നറിയപ്പെടുന്ന വലിയ ആഴ്‌ചയ്‌ക്ക്‌ തുടക്കമാകുന്നത്‌. ഈസ്‌റ്റര്‍ എന്നറിയപ്പെടുന്ന ഉയിര്‍പ്പ്‌ ഞായറാഴ്‌ചയോടെ വലിയനോമ്ബിന്‌ സമാപനമാകും. കുരിശില്‍ തറച്ച്‌ കൊല്ലപ്പെട്ട ക്രിസ്‌തുദേവന്‍ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റ്‌ ശിഷ്യന്മാര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കിയാണ്‌ ഈസ്‌റ്റര്‍ ആഘോഷിക്കുന്നത്‌. നോമ്ബു വീടലിന്റെ ഭാഗമായി വലിയ ആഘോഷത്തോടെയാണ്‌ ഉയിര്‍പ്പ്‌ പെരുന്നാളുകള്‍ ക്രൈസ്‌തവ ദേവാലയങ്ങളിലും വീടുകളിലും കൊണ്ടാടുന്നത്‌. ഹൈറേഞ്ച്‌ മേഖലയിലെ യാക്കോബായ ദേവാലയങ്ങളില്‍ ഇന്നലെ രാത്രിയായിരുന്നു ശുശ്രൂഷകള്‍ നടന്നത്‌. കത്തോലിക്കാ ദേവാലയങ്ങളില്‍ ഇന്നു പുലര്‍ച്ചെ മുതല്‍ ഉയിര്‍പ്പ്‌ പെരുന്നാളിന്റെ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും നടക്കും. ക്രൈസ്‌തവരുടെ 50 ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങളുടെ സമാപനം എന്ന നിലയില്‍ ഇന്ന്‌ വീടുകളിലും വലിയ ആഘോഷങ്ങളാണ്‌ സംഘടിപ്പിക്കുന്നത്‌.

ഈസ്‌റ്റര്‍ ആചരണത്തിനൊരുങ്ങി ക്രൈസ്‌തവ ദേവാലയങ്ങള്‍

ഈസ്‌റ്റര്‍ ആചരണത്തിനായി ക്രൈസ്‌തവ ദേവാലയങ്ങള്‍ ഒരുങ്ങി. ദേവാലയങ്ങളില്‍ വെളുപ്പിനെ മുന്നിന്‌ ഉയിര്‍പ്പു തിരുക്കര്‍മങ്ങളും കുര്‍ബാനയും പ്രദക്ഷിണവും നടക്കും. കട്ടപ്പന സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ ദൈവാലയത്തില്‍ പുലര്‍ച്ചെ 2.45 ന്‌ നടക്കുന്ന ഈസ്‌റ്റര്‍ തിരുക്കര്‍മങ്ങള്‍ക്കു ഫൊറോനാ വികാരി ഫാ. ജോസ്‌ മാത്യു പറപ്പള്ളി നേതൃത്യം നല്‍കും. അസിസ്‌റ്റന്റ്‌ വികാരിമാരായ ഫാ. മനു കിളികൊത്തിപാറ, ഫാ. നോബിള്‍ പൊടിമറ്റത്തില്‍, ഫാ. മനുരാജ്‌ പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ രാവിലെ ആറിനും എട്ടിനും 10നും കുര്‍ബാന ഉണ്ടായിരിക്കും. വെള്ളയാംകുടി സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ ദേവാലയത്തില്‍ രാത്രി 10.30 ന്‌ നടന്ന പാതിരാ കുര്‍ബാനക്കും ഈസ്‌റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കും ഫൊറോനാ വികാരി ഫാ. തോമസ്‌ മണിയങ്ങാട്ട്‌, അസിസ്‌റ്റന്റ്‌ വികാരി മാരായ ഫാ. ഇമ്മാനുല്‍, ഫാ. സാവിയോ കാട്ടുപാലം തുടങ്ങിയര്‍ നേതൃത്വം നല്‍കി. അണക്കര, ഉപ്പുതറ ഫെറോന ദേവാലങ്ങളിലും ഈസ്‌റ്റര്‍ തിരുകര്‍മങ്ങളോടാനുബന്ധിച്ചു പാതിരാ കുര്‍ബാനയും മറ്റു തിരുകര്‍മ്മങ്ങളും നടന്നു. 

പീഡാനുഭവ സ്‌മരണയില്‍ ദുഃഖവെള്ളി ആചരിച്ചു 

ക്രിസ്‌തുവിന്റെ പീഡാനുഭവങ്ങളെ അനുസ്‌മരിച്ച്‌ ക്രൈസ്‌തവര്‍ ദുഃഖവെള്ളി ആചരിച്ചു. ക്രിസ്‌തുവിനെ പടയാളികള്‍ പിടികൂടി കുരിശില്‍തറച്ച്‌ കൊലപ്പെടുത്തിയതിന്റെ സ്‌മരണ ഉയര്‍ത്തിയാണ്‌ ദുഃഖവെള്ളിയാഴ്‌ച ആചരണം നടന്നത്‌. വെള്ളിയാഴ്‌ച പുലര്‍ച്ചെമുതല്‍ നടന്ന ശുശ്രൂഷകള്‍ വിവിധ ദേവാലയങ്ങളില്‍ നാലുമണിവരെ നീണ്ടു. കത്തോലിക്കാ ദേവാലയങ്ങളില്‍ നിന്നും വിവിധ കേന്ദ്രങ്ങളില്‍ കുന്നിന്‍മുകളിലേക്ക്‌ പരിഹാര പ്രദിക്ഷണങ്ങള്‍ നടന്നു. കുരിശുമേന്തി ദീര്‍ഘദൂരം നടന്ന കാല്‍നടയായുള്ള പരിഹാര പ്രദക്ഷിണത്തില്‍ പ്രായഭേദമന്യേ ആയിരങ്ങള്‍ അണിനിരന്നു. യാക്കോബായ, ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ രാവിലെ 7 മണിയോടെ പ്രത്യേക ശുശ്രൂഷകള്‍ക്ക്‌ തുടക്കംകുറിച്ചു. ക്രിസ്‌തുവിന്റെ കുരിശു മരണ സമയത്ത്‌ കുടിക്കാന്‍ പടയാളികള്‍ ചൊറുക്ക കൊടുത്തതിന്‌ പ്രതീകമായി ദൈവാലയങ്ങളില്‍ വിശ്വാസികള്‍ക്ക്‌ കൈപ്പുനീര്‌ നല്‍കി. ദുഃഖ വെള്ളിയാഴ്‌ച ദിവസങ്ങളില്‍ എല്ലാവിധ ജോലികളും ഉപേക്ഷിച്ചാണ്‌ വിശ്വാസികള്‍ ദൈവാലയങ്ങളിലേക്ക്‌ എത്തിച്ചേര്‍ന്നത്‌. യാക്കോബായ സഭയുടെ ഹൈറേഞ്ച്‌ മേഖല ആസ്‌ഥാനമായ മൗണ്ട്‌ സെഹിയോന്‍ അരമനയില്‍ സെന്റ്‌ പോള്‍സ്‌ ആന്‍ഡ്‌ സെന്റ്‌ പള്ളിയില്‍ വികാരി റവ. ഐസക്ക്‌ മേനോത്തുമാലില്‍ കോര്‍ - എപ്പിസ്‌കോപ്പ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. സെന്റ്‌ ജൂഡ്‌ ടൗണ്‍ പള്ളിയില്‍ വികാരി ഫാ. ജോസഫ്‌ കൊച്ചുകുന്നേല്‍ ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ വികാരി റവ എല്‍ദോസ്‌ കൂറ്റപ്പാല കോര്‍ - എപ്പിസ്‌കോപ്പ, സഹവികാരി ഫാ. ബിനു ബേബി എന്നിവര്‍ പ്രത്യേക ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി. ദുഃഖ ശനിയാഴ്‌ച എന്നറിയപ്പെടുന്ന ഇന്നലെയും എല്ലാ ക്രൈസ്‌തവ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ അരങ്ങേറി.

ദുഃഖവെള്ളി ആചരണം

യേശുക്രിസ്‌തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്‌തവര്‍ ദു:ഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ പീഢാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാരപ്രദക്ഷിണവും നടന്നു. വിവിധ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ കുരിശിന്റെ വഴിചൊല്ലി മല കയറി. കട്ടപ്പന സെന്റ്‌ ജോര്‍ജ്‌ ഫോറോനാ ദേവലയത്തില്‍ നടന്ന ദുഖ വെള്ളി ആചാരണത്തിനും തിരുകര്‍മ്മങ്ങള്‍ക്കും ഫോറോനാ വികാരി ഫാ. ജോസ്‌ മാത്യു പറപ്പള്ളി മുഖ്യ കാര്‍മികത്യം വഹിച്ചു. അല്‍ത്താരായില്‍ ഊറാലയിട്ട മാര്‍ത്തോമാ മരക്കുരിശു സ്‌ഥാപിച്ചാണ്‌ ദുഖവെള്ളി തിരുകര്‍മങ്ങള്‍ നടന്നത്‌. തുടര്‍ന്ന്‌ ദേവാലയത്തില്‍ പീഡാനുഭവ വായനയും സ്ലീഹാ ചുംബനവും നടന്നു. ഫാ. ബിബിന്‍ മുണ്ടാട്ടു ചുണ്ടയില്‍ ദുഃഖ വെള്ളി സന്ദേശം നല്‍കി. ഉച്ചകഴിഞ്ഞു മുന്നിന്‌ കട്ടപ്പന ടൗണിലേക്ക്‌ പരിഹാര പ്രദിഷിണവും കുരിശിന്റെ വഴിയും നടന്നു. ദുഖവെള്ളി പ്രമാണിച്ചു ജില്ലയിലെ പ്രധാന തീര്‍ഥാടക കേന്ദ്രങ്ങ ളായ തുമ്ബച്ചി മല, വാഗമണ്‍ കുരിശുമല, ഏഴുകുംവയല്‍ കുരിശുമല തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ ആയിരങ്ങള്‍ കുരിശിന്റെ വഴി ചൊല്ലി മലകയറി എത്തി.

പരിഹാര പ്രദക്ഷിണം 

ഉപ്പുതോട്‌ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ ദു:ഖ വെള്ളിയാഴ്‌ച പ്രമാണിച്ച്‌ തകരമേട്‌ കുരിശടിയിലേക്ക്‌ ഇടവക വികാരി ഫാ. ഫിലിപ്പ്‌ പെരുന്നാട്ടിന്റെ നേതൃത്വത്തില്‍ പരിഹാരപ്രദക്ഷിണം നടത്തി. ദേവാലയത്തില്‍നിന്നും രണ്ടു കിലോമീറ്റര്‍ ദൂരമുള്ള തകരമേട്‌ മലയിലേക്കുള്ള യാത്രയില്‍ 20 സ്‌ഥലങ്ങളില്‍ കുരിശുവച്ച്‌ പൂക്കള്‍കൊണ്ട്‌ അലങ്കരിച്ചിരുന്നു. 800 കുടുംബങ്ങളുള്ള ഇടവകയില്‍ നിന്ന്‌ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പരിഹാര പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തകരമേട്ടിലെ കുരിശടിയില്‍ തയാറാക്കിയ പന്തലില്‍ പരിഹാര പ്രദക്ഷിണത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഉച്ചഭക്ഷണവും നല്‍കി.
Don't Miss
© all rights reserved
made with by templateszoo